Sunday, May 26, 2013

മദര്‍ തെരേസയുടെ കത്തുകള്‍.

സെയിന്റ് ഓഫ് കല്‍ക്കത്തയുടെ സ്വകാര്യരേഖകള്‍ എന്ന ഉപശീര്‍ഷകത്തോടെ ബ്രൈയാന്‍ കൊളോഡിചക്ക് (Brian Kolodiejchuk) സമാഹരിച്ച മദര്‍ തെരേസ: കം ബി മൈ ലൈറ്റ് (Mother Teresa: Come Be My light) എന്ന ഗ്രന്ഥം രാത്രികളെ നിദ്രാവിഹീനമാക്കുന്ന അസാധാരണമായ ഒരു രേഖയാണ്. മനുഷ്യരെ സ്‌നേഹിക്കുന്നവര്‍ക്ക് അമ്മയായി മാറിയ അല്‍ബേനിയക്കാരിയായ ആ സാധ്വി അനുഭവിച്ച സ്വകാര്യസങ്കടങ്ങളും വിശ്വാസത്തിന്റെ മൂര്‍ച്ചയുള്ള വാള്‍ത്തലയിലൂടെ നടത്തിയ നടത്തയും ഈ കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു.
എണ്‍പത്തിയഞ്ചാമത്തെ വയസ്സില്‍, 1997 സപ്തംബര്‍ അഞ്ചാംതീയതി അവര്‍ അന്തരിച്ചു. രോഗാതുരയായിരുന്നു അവര്‍. 'രാത്രി എട്ടുമണിയോടുകൂടി നെഞ്ചുവേദന അനുഭവപ്പെട്ട അമ്മയ്ക്ക് കലശലായ ശ്വാസതടസ്സമുണ്ടായി. മദര്‍ ഹൗസിലുള്ളവരെല്ലാം പരിഭ്രാന്തരായി. ഡോക്ടറേയും പുരോഹിതനേയും കൊണ്ടുവന്നു. പെട്ടെന്ന് വൈദ്യുതി നിലയ്ക്കുകയും അവിടെ അന്ധകാരം നിറയുകയും ചെയ്തു. അടിയന്തരാവസ്ഥ മുന്‍കണ്ട സിസ്റ്റര്‍മാര്‍ വൈദ്യുതി ലഭിക്കാനുള്ള രണ്ടു സപ്ലൈ സംവിധാനം ഉണ്ടാക്കിയിരുന്നുവെങ്കിലും, അതു രണ്ടും പ്രവര്‍ത്തനരഹിതങ്ങളായി. മുന്‍പെങ്ങും അങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നു. ബ്രീതിങ് മഷീന്‍ (Bi-PAp) പ്രവര്‍ത്തനക്ഷമമാവാത്തതി
നാല്‍ ഉടനടിയുള്ള വിദഗ്ദ്ധ പരിചരണവും അസാധ്യമായി. അപ്പോള്‍ രാത്രി ഒന്‍പതരയായിരുന്നു. കല്‍ക്കത്ത ഇരുട്ടില്‍ മുങ്ങിനില്‍ക്കുമ്പോള്‍, ഈ നഗരത്തിനും ലോകത്തിനു തന്നെയും വെളിച്ചം നല്‍കിയ ഒരു ഭൗതികജീവിതം പൊലിഞ്ഞു.' എണ്ണമറ്റ എത്രയോ മനുഷ്യരുടെ ജീവിതത്തില്‍ സ്‌നേഹവും അനുതാപവും നിറച്ച മദര്‍ തെരേസ എല്ലാ അര്‍ഥത്തിലും ഒരു വിശുദ്ധയായിരുന്നു. അന്യര്‍ക്കുവേണ്ടി ഉരുകിത്തീര്‍ന്ന ഒരു മെഴുകുതിരി.

ആ ഉരുകിയൊലിക്കലിന്റെ ഉള്ളുലയ്ക്കുന്ന കഥയുടെ ഇതളുകള്‍ വിടരുമ്പോള്‍ ഈ ഗ്രന്ഥത്തിലൂടെ വെളിവാക്കപ്പെടുന്ന മദര്‍ തെരേസയുടെ ആത്മീയവ്യഥ നമ്മെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു. പതിനെട്ടാമത്തെ വയസ്സില്‍ യേശുദേവന്റെ മണവാട്ടിയായി സ്വയം സമര്‍പ്പിച്ച അവര്‍, അവസാനശ്വാസംവരെ കാല്‍വരിയിലേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴെല്ലാം കാലിടറാതിരുന്നത്, സ്വയം സമര്‍പ്പണത്തിലൂടെ ആര്‍ജ്ജിച്ചിരുന്ന വിശ്വാസമായിരുന്നു. എന്നാല്‍, അതൊരു മായികസ്വപ്‌നമായിരുന്നുവെന്ന് അവര്‍ ദുഃഖത്തോടെ പറയുന്നു. 'ഇരുട്ടുനിറഞ്ഞ ചേരികളില്‍ പട്ടിണിയെ സ്വയം വരിച്ച പാവപ്പെട്ടവരുടെ ജീവിതത്തില്‍ സ്‌നേഹത്തിന്റെ പ്രകാശം ചൊരിയുകയും അനാഥരായവരെ സനാഥരാക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തപ്പോഴെല്ലാം അവരില്‍, മദര്‍ തെരേസ തേടിയിരുന്നത് അവരെ സനാഥമാക്കിയിരുന്ന വിശ്വാസത്തെയായിരുന്നു. ഒരിക്കല്‍പ്പോലും അവര്‍ക്കത് കണ്ടെത്താന്‍ സാധിച്ചില്ല.'

നമ്മെ ഞെട്ടിപ്പിക്കുന്നതാണ് ഈ യാഥാര്‍ഥ്യം.

ഫാദര്‍ പികാച്ചിക്ക് അവര്‍ എഴുതി: 'ഇത്രയേറെ വേദനയും ഇരുട്ടും എന്റെ ആത്മാവില്‍ ഉണ്ടായതെങ്ങനെയെന്ന്, പിതാവേ, അങ്ങ് പറയൂ. ചിലപ്പോള്‍ സ്വയം ഞാന്‍ പറഞ്ഞുപോകാറുണ്ട്, ഇതെനിക്ക് താങ്ങാനാവില്ല. ഒപ്പം ഞാന്‍ സമാശ്വസിക്കും. ക്ഷമിക്കൂ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്തും ചെയ്തുകൊള്ളൂ.' ഇങ്ങനെ പേര്‍ത്തും പേര്‍ത്തും അവര്‍ യേശുദേവനെ വിളിച്ചുകേണു. ഒരിക്കല്‍പ്പോലും വേദനാനിര്‍ഭരമായ ആ സ്വരം അദ്ദേഹം കേട്ടില്ല.

വിശ്വാസം ഉപ്പുകട്ടപോലെ അലിഞ്ഞുപോവുകയായിരുന്നു. അന്‍പതില്‍പ്പരം കൊല്ലങ്ങള്‍ ഈ ദുഃഖവുമായി മദര്‍ തെരേസ ജീവിച്ചു. മാസിഡോണയില്‍നിന്ന് (1910) പതിനെട്ടാമത്തെ വയസ്സില്‍ ഡബ്ലിനിലെ ലൊറെറ്റൊ സിസ്റ്റേഴ്‌സിന്റെ സംഘത്തില്‍ കന്യാസ്ത്രീയായി എത്തിയ അവര്‍, ഇന്ത്യയെ സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. കല്‍ക്കത്തയിലെത്തിയ അവര്‍ സെയിന്റ് മേരീസ് ഹൈസ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. പട്ടിണിക്കാരെയും രോഗികളെയും വൃദ്ധരെയും പരിചരിക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റി എന്ന പേരില്‍ ഒരു ആത്മീയസംഘത്തിന് രൂപം നല്‍കിയ അവര്‍, അതിന് മുന്‍കൈയെടുത്തത് ഉള്‍വിളിയുടെ ദിവ്യപ്രേരണയിലായിരുന്നു. 1948 ആഗസ്ത് പതിനേഴാം തീയതി നീലക്കരയുള്ള വെളുത്ത സാരിയും ധരിച്ച് ലൊറെറ്റൊയോട് വിടപറയുമ്പോള്‍ അവരുടെ കൈയില്‍ അഞ്ചുരൂപയേയുണ്ടായിരുന്നുള്ളൂവെങ്കിലും, സ്‌നേഹതാപംകൊണ്ട് ഹൃദയം വിറകൊള്ളുന്നുണ്ടായിരുന്നു. ആ സ്‌നേഹത്തിന്റെ വൈദ്യുതാഘാതത്തില്‍ ലോകം അതിശയം നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കിനിന്നു. പക്ഷേ, അവര്‍ അപ്പോഴെല്ലാം ഏകാന്തയായിരുന്നു. താന്‍ നീട്ടിയ വിരലുകളില്‍പ്പിടിച്ച് തന്നോടൊപ്പം നടക്കാന്‍ അവര്‍ ആധിയോടെ യേശുക്രിസ്തുവിനെ വിളിച്ചു കരഞ്ഞു. ആ വിളി പക്ഷേ, യേശുക്രിസ്തു കേട്ടില്ലെന്ന് അവര്‍ അറിഞ്ഞു. 'ഈശ്വരന്റെ കരങ്ങളിലെ ഒരു പെന്‍സില്‍ മാത്രമാണ് താനെന്ന്' അവര്‍ പറഞ്ഞു. അപ്പോഴും ആ ഈശ്വരന്‍ തന്നോടൊപ്പം ഇല്ലെന്ന് അവര്‍ പരിതപിച്ചു. അവര്‍ എഴുതി: 'ഈ ഏകാന്തത, ഈശ്വരനുവേണ്ടിയുള്ള അവിരാമമായ പ്രാര്‍ഥന, എന്റെ ഹൃദയത്തെ വേദനകൊണ്ട് നിറയ്ക്കുന്നു. അന്ധകാരം അതികഠിനമാണ്. എന്റെ മനസ്സിനെയോ എന്റെ യുക്തിയെയോ എനിക്ക് കാണാന്‍ സാധിക്കുന്നില്ല. എന്റെ ആത്മാവില്‍ ഈശ്വരനുള്ള സ്ഥാനം ശൂന്യമാണ്. എന്നില്‍ ഈശ്വരനില്ലാതായിരിക്കുന്നു. ഈശ്വരനുവേണ്ടി ഞാന്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കുമ്പോഴും അവന് എന്നെ വേണ്ടായെന്നായിരിക്കുന്നു. അവന്‍ അവിടെ ഇല്ല. ഈശ്വരന് എന്നെ വേണ്ട. ''എന്റെ ഈശ്വരാ'' എന്ന് വിളിച്ച് എന്റെ ഹൃദയം കേഴുന്നത് എനിക്ക് കേള്‍ക്കാം. അപ്പോഴും യാതൊന്നും സംഭവിക്കുന്നില്ല.'

മിഷണറീസ് ഓഫ് ചാരിറ്റീസ് എന്ന സംഘത്തിന് രൂപം കൊടുക്കാനുള്ള അനുവാദത്തിനും സമ്മതത്തിനുംവേണ്ടി ഇടതടവില്ലാതെ മേലധികാരികളെ അലോസരപ്പെടുത്തുംവിധം കത്തുകളെഴുതിക്കൊണ്ടിരുന്നപ്പോഴും അവരെ പീഡിപ്പിച്ചിരുന്നത് ആത്മീയമായ അന്ധകാരമായിരുന്നു. 1946 സപ്തംബറില്‍ ഡാര്‍ജീലിങിലേക്കുള്ള ട്രെയിന്‍ യാത്രയില്‍, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സേവിച്ച് യേശുക്രിസ്തുവിന്റെ ഹൃദയവുമായി അലിഞ്ഞുചേരാനുള്ള 'അനുഗ്രഹം' ഉണ്ടായതിനുശേഷം, മറ്റൊരിക്കല്‍പ്പോലും അത്തരമൊരനുഭവം സംഭവിക്കാത്തതില്‍ മദര്‍ തെരേസ പരിഭ്രാന്തയായിരുന്നു. യേശുക്രിസ്തുവിനായി ജീവിതം സമര്‍പ്പിച്ച അവരുടെ ജീവിതത്തെ അര്‍ഥവത്താക്കിയത്, വിശ്വാസത്തില്‍നിന്നും കൈവന്ന സ്‌നേഹപുണ്യമായിരുന്നു. എന്നാല്‍, അതു പതിയെ തന്നില്‍നിന്നും അപ്രത്യക്ഷമാകുകയാണെന്ന് അവര്‍ അറിഞ്ഞു. കൈവിട്ടുപോയ സ്വപ്‌നസന്നിഭമായ ആ അനുഭവം വീണ്ടെടുക്കാനാവാത്തതെന്തെന്ന് ചോദിച്ച് അവര്‍ സ്വയം പീഡിപ്പിച്ചുകൊണ്ടിരുന്നു. സ്​പിരിച്വല്‍ ഡയറക്ടറായ ഫാദര്‍ വാന്‍ എക്‌സെമിനും ആര്‍ച്ച്ബിഷപ്പായ പെരിയറിനും ഫാദര്‍ പികാച്ചിക്കും എഴുതിയ കത്തുകളിലെല്ലാം താന്‍ അനുഭവിച്ച ആത്മീയവ്യഥ ആവര്‍ത്തിച്ച് പരാമര്‍ശിച്ചു. 'ഞാന്‍ അവനെ എത്ര കൂടുതല്‍ ആഗ്രഹിക്കുന്നു. എന്നെ അവന് ആവശ്യമില്ലെന്നുവരുന്നു. ആര്‍ക്കും സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവിധം അവനെ സ്‌നേഹിക്കാന്‍ ഞാന്‍ കൊതിക്കുന്നു. അപ്പോഴും ആ അകല്‍ച്ച, ഭയാനകമായ ശൂന്യത, ഈശ്വരന്റെ അസാന്നിധ്യം ഉളവാക്കുന്ന വികാരം.

എത്രകാലമായി ഞാന്‍ ഈ അനുഭവവുമായി ജീവിക്കുന്നു,' ഫാദര്‍ പെരിയറിന് അവര്‍ എഴുതി. അതിനു മറുപടിയായി, 'താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈശ്വരന്റെ അനുഗ്രഹാശിസ്സുകള്‍ ധാരാളമുണ്ടെന്ന്' അദ്ദേഹം എഴുതുന്നുണ്ടെങ്കിലും അതൊന്നും അവരെ സമാശ്വസിപ്പിക്കുന്നില്ല.

'എന്റെ ഹൃദയം ശൂന്യമാണ്' എന്നായിരുന്നു അപ്പോഴെല്ലാം അവര്‍ എഴുതിയത്.

ഫാദര്‍ പികാച്ചിക്ക് എഴുതിയ ഒരു കത്തില്‍ 'ഈശ്വരന് താന്‍ വേണ്ടാതായിരിക്കുന്നു' എന്ന് അവര്‍ പരാതിപ്പെടുന്നു. 'എന്നെ ഉപേക്ഷിക്കത്തക്കവിധം ആരാണ് ഞാന്‍, എന്റെ ഈശ്വരാ. നിന്റെ സ്‌നേഹത്തിന്റെ ശിശു. ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെട്ടതായിരിക്കുന്നു. വേണ്ടാത്തവളായി നീ എന്നെ കൈവിട്ടെങ്കിലും, ഞാന്‍ നിന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. നിന്നെ എനിക്ക് വേണം. പക്ഷേ, ആരുമില്ല, ഉത്തരം നല്‍കാന്‍. ഈ അന്ധകാരം എത്ര വലിയ അന്ധകാരമാണ്. ഞാന്‍ ഒറ്റയ്ക്കാണ്,' അവര്‍ തുടര്‍ന്നെഴുതുന്നു.

ഈ വിധത്തിലുള്ള ആത്മീയവേദനയ്ക്കിടയിലും അവര്‍ മുഴുകിയ സേവനപ്രവര്‍ത്തനങ്ങളെ അതൊന്നും ബാധിച്ചില്ല. അപ്പോഴെല്ലാം അവരുടെ ചുണ്ടുകളില്‍ ജപം മുറിയുകയോ അന്യരെ സ്‌നേഹഭരിതമാക്കിയ മന്ദഹാസത്തിന്റെ മലരുകള്‍ വാടിപ്പോവുകയോ ചെയ്തിരുന്നില്ല. കുമ്പസാരത്തിനിടയില്‍ അവര്‍ പറഞ്ഞു: 'എന്റെ ഹൃദയത്തില്‍ വിശ്വാസമില്ലാതായിരിക്കുന്നു. സ്‌നേഹമില്ലാതായിരിക്കുന്നു. വിശ്വാസം അസ്തമിച്ചിരിക്കുന്നു. വളരെയേറെ വേദന നിറഞ്ഞിരിക്കുന്നു.'

'ഇരുട്ടിലൂടെ ഏകാന്തയായി നടക്കുകയാണെന്ന്' കത്തുകളില്‍ ഓര്‍മിപ്പിച്ചിരുന്ന അവര്‍ അതൊന്നും അന്യരിലേക്ക് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ കുരിശു താന്‍മാത്രം ചുമക്കണമെന്ന് അവര്‍ വിശ്വസിച്ചു. തന്റെ ജീവിതവും പ്രവര്‍ത്തനവും വൈരുധ്യംകൊണ്ട് സമൃദ്ധമാണെന്ന് സ്വയം തിരിച്ചറിഞ്ഞ അവര്‍ ഈശ്വരനിലെത്തിച്ചേരാന്‍ അന്യരുടെ വഴികാട്ടിയായപ്പോള്‍, അതിലെത്തിച്ചേരാന്‍ തനിക്ക് കഴിയാതെ പോകുന്നല്ലോയെന്നോര്‍ത്ത് നിശ്ശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ആന്തരികമായി അനുഭവിക്കുന്ന ദുഃഖത്തെ ആത്മീയാഹ്ലാദമാക്കാന്‍ അവര്‍ ഉപകരണമാക്കിയത് അവിശ്രമമായ സേവനപ്രവര്‍ത്തനത്തെയായിരുന്നു. സ്വയം നീറി ജീവിക്കുകയാണ് തന്റെ നിയോഗമെന്ന് മദര്‍ തെരേസ തിരിച്ചറിഞ്ഞിരുന്നു.

മദര്‍ തെരേസ അനുഭവിച്ച ആത്മീയപീഡനം അസാധാരണമായിരുന്നു. ഈശ്വരസങ്കല്പം ജീവിതത്തെ സാര്‍ഥകമാക്കുമെങ്കിലും, അതിന്റെ യുക്തിയില്ലായ്മകൂടി ഒരു ഞെട്ടലോടെ തിരിച്ചറിയാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.

അദൃശ്യനായ മഹാശില്പിയെക്കുറിച്ചുള്ള സങ്കല്പങ്ങളാണ് ഈ ഗ്രന്ഥത്തിലൂടെ ഉടഞ്ഞുതകരുന്നത്. 'ഫലം പ്രതീക്ഷിക്കാതെ കര്‍മത്തില്‍ മുഴുകാന്‍' ഉപദേശിച്ചവര്‍ ഉണ്മ അറിഞ്ഞവരാണെന്ന് ഈ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നു. അല്ലാതെ സ്വപ്‌നങ്ങളില്‍ മുഴുകുന്നവര്‍ക്ക് കിട്ടുന്നത് അന്ധകാരവും ശൂന്യതയും ഏകാന്തതയും മാത്രം. ഇത്തരമൊരു സ്വപ്‌നത്തില്‍ വഞ്ചിതയായാണോ മദര്‍ തെരേസയും യാത്രയായത്. ഒരു ദുരന്തകാവ്യത്തിന്റെ അന്ത്യംപോലെ ഒരു മഹാജീവിതം.

(റോസാദലങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 

No comments:

Post a Comment